ദൈവിക നിയോഗത്തിനുള്ളിലെ കരുതല്‍
ഒരിക്കലും പരസ്പരം കൂട്ടിയോജിക്കാത്ത രണ്ടു സമാന്തര രേഖകള്‍ ആണ് ഭൌതിക ചിന്തയും ദൈവിക ചിന്തയും.അപ്പോള്‍ തന്നെ ഭൌതികത ദൈവികതക്കെതിരല്ല താനും.മനുഷ്യന്റെ ചിന്താവ്യവഹാരത്തില് വരുന്ന അബദ്ധ വ്യാഖ്യാനങ്ങള്‍ ആണ് ഇവയെ പരസ്പരം ബന്ധിപ്പിക്കാതെ തെറ്റായ ധാരണ ഉള്ളില്‍ സൃഷ്ട്ടിക്കുന്നത്.ഭൌതികചിന്താ സമ്മര്‍ധങ്ങളുടെ പ്രധാന കാരണം കാരണമില്ലാത്ത ആകുലതയാണ്.ആകുലത എന്നാ പ്രയോഗത്തിന് വ്യത്യസ്ത മാനുഷിക തലങ്ങള്‍ ഉണ്ട്.ഒരു കുട്ടിയുടെ ആകുലത എപ്പോഴും ആ കുട്ടിയുടെ ചിന്തകളുടെ പരമാവധി ആയിരിക്കുമ്പോള്‍ കൌമാരകാലത്തിലേതു ആ കാലഘട്ടത്തിന്റെ ചിന്തകളോട് ബന്ധപെട്ടായിരിക്കും.ഇത്തരം കാരണങ്ങള്‍കൊണ്ട് ആകുലതകളുടെ ഘടനകള്‍ക്ക് വ്യത്യാസം ഉണ്ടാകാമെങ്കിലും ഫലം അപകടകരങ്ങള്‍ ആയിരിക്കും എന്നുള്ളതില്‍ രണ്ടു പക്ഷം ഇല്ല.കരുതലിനെ കുറിച്ചുള്ള ആശങ്ക ആണ് പരിധി വിട്ടുള്ള വിചാരങ്ങള്‍ ഉള്ളില്‍ സൃഷ്ട്ടിക്കപെട്ടിട്ട് അത് ആകുലതകളിലേക്ക് നയിക്കുന്നത്.ഒരു നല്ല കരുതല്‍ വിചാരങ്ങളെ തളച്ചിട്ടു ആകുലതകളെ ഒഴിവാക്കാന്‍ മതിയായതാണ് എന്ന് ബുദ്ധി മണ്ഡലം നമ്മെ എപ്പോഴും ഓര്മപ്പെടുത്തികൊണ്ടിരിക്കും. പിന്നീടങ്ങോട്ടുള്ള പ്രയത്നങ്ങള്‍ മുഴുവന്‍ കരുതലുകല്ക്കുവേണ്ടിയുള്ള നെട്ടോട്ടമായിരിക്കും.അവ നമ്മെ എത്തിക്കുന്നത് വിഹ്വലതകളിലെക്കും.വ്യക്തിപരമായ കരുതല്‍,കുടുംബപരമായ കരുതല്‍, സാമൂഹിക കരുതല്‍,രാഷ്ട്രീയ കരുതല്‍ ഇങ്ങനെ സാഹചര്യങ്ങള്ക്കനുസരിച്ച്ഇത് വ്യത്യാസപ്പെട്ടിരിക്കും.
കാര്യങ്ങളോട് അടുക്കുമ്പോള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുവാന് ശരിയായ നിയോഗം നല്കിയവന് പറ്റില്ല.കരുതലുകളും ഉത്തരവാദിത്വങ്ങളും നിയോഗത്തിന്റെ ഭാഗമല്ലതാകുമ്പോള് നിയോഗവഴിയില്‍ നിസംഗതകള്‍ വരുവാന്‍ സാധ്യത ഉണ്ട്.ഇങ്ങനെ ഉണ്ടാകാന്‍ സാധ്യത ഉള്ള നിസംഗതകള്‍ നിയോഗ നിര്‍വഹണത്തിന്റെ ആത്യന്തിക ലക്ഷ്യത്തില്‍ എത്തുന്നതിനു തടസങ്ങള്‍ സൃഷ്ട്ടിക്കും.അങ്ങനെ വന്നാല്‍ അത് നിയോഗം നല്കിയവന്റെ കഴിവുകേടാണെന്നു വ്യാഖ്യാനിക്കപെടും.ആയതിനാല്‍ കരുതലുകള്‍ ഇല്ലാത്ത നിയോഗം ദൈവം വ്യവസ്ഥ ചെയ്യുന്നില്ല.പക്ഷെ ആ കരുതലുകള്‍ മാനുഷികതലങ്ങളിലെ ചിന്തകള്ക്കനുസരിചായിരിക്കുകയില്ല.കാരണം മാനുഷിക ചിന്താതലവും ദൈവിക ചിന്താതലവും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ട് എന്നുള്ളതുതന്നെ.അഭിഷക്തനുവേണ്ടി കാക്കയുടെ ചുണ്ടിലിരിക്കുന്ന അപ്പം മാനുഷികചിന്താതലങ്ങള്ക്ക് ഗ്രഹണനീയമല്ല.ദൈവിക നിയോഗം ലഭിച്ചു എന്നതുകൊണ്ട് അപ്പവുമായി വരുന്ന ഈ കാക്കയെ കാണുവാനുള്ള നിയോഗ ദൃഷ്ടി (ആന്തരിക ദര്‍ശനം) നഷ്ട്ടപെട്ടിട്ടു മറ്റൊരു തലത്തിലേക്ക് വന്നു സമൃദ്ധി ദൈവശാസ്ത്രത്തിന്റെ വക്താക്കള്‍ ആയി ആവശ്യത്തിനുള്ള കരുതലില്‍ നിന്നകന്നിട്ടു അത്യാഗ്രഹത്തിന്റെ ഒരു നിക്ഷേപവരവും പ്രതീക്ഷിച്ചിരിക്കുകയാണ്.അതുകൊണ്ട് തന്നെ ദൈവിക കരുതലും (നിയോഗത്തിന്റെ ഉള്ളിലെ) മാനുഷിക പ്രതീക്ഷയും തമ്മില്‍ പൊരുത്തകേടുകള്‍ ഉണ്ടാവാം.പക്ഷെ ദൈവിക വശമാണ് എപ്പോഴും ശരി.ദൈവത്തിനു നിയോഗം എല്പ്പിക്കപെട്ടവനാണ് അവനുവേണ്ടിയുള്ള കരുതലുകലെക്കാള് പ്രാധാന്യം.ആ കരുതലുകള്‍ നിയോഗ നിര്‍ണ്ണയത്തിന്റെ ഇങ്ങേ അറ്റത്തുള്ള ഭാഗങ്ങള്‍ മാത്രമാണ്.കരുതലുകല്ക്കുവേണ്ടി ഒരു നിയോഗം അല്ല,എല്പ്പിക്കപെട്ട നിയോഗങ്ങള്‍ക്ക് വേണ്ടി ഉള്ള ഒരു കരുതല്‍. ഇതാണ് ദൈവികനിയോഗത്തിനുള്ളിലെ കരുതല്‍ .ദൈവം നിയോഗം ഏല്‍പ്പിക്കുമ്പോള്‍ നിയോഗിക്കപെടുന്നവന്റെ യുക്തിസഹജമോ യുക്തിരഹിതമോ ആയ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല.കാരണം ഒരു കുരുടനെ പോലെ എല്പ്പിക്കപെടുകയും ഒരു ഭോഷനെ പോലെ സമര്‍പ്പിക്കപെടുകയും ചെയ്യുക എന്നുള്ളതാണ് നിയോഗ സ്വീകാര്യത്തിനു കാമ്യം.എന്നാല്‍ ഒരുവനെ ദൈവം തന്റെ മുന്‍നിര്‍ണ്ണയ പ്രവര്‍ത്തികള്‍ക്കായി നിയോഗിക്കുമ്പോള്‍ നിയോഗിക്കപ്പെടുന്ന നാള് മുതല്‍ അവന് നിയോഗം നല്കിയവന്റെ നിയന്ത്രണ നിരീക്ഷണത്തില്‍ ആയിരിക്കും.അവന്റെ ഗമനാഗമനങ്ങള്‍, ഭാഷകള്‍, പ്രവര്‍ത്തികള്‍, ചിന്തകള്‍ എന്തിനേറെ അവന്റെ ശാരീരിക ചലനങ്ങള്‍ പോലും നിയന്ത്രിക്കുന്നത് നിയോഗം നല്കിയവന് ആയിരിക്കും.അവന് ഏതു തോട്ടിന്റെ അരികില്‍ ഒളിച്ചിരിക്കണം എന്നും ഏതു വെള്ളം കുടിക്കേണം എന്നും ആര് ഭക്ഷണം കൊണ്ടുതരണം എന്നും എത്ര നേരം കഴിക്കണം എന്നും എല്ലാം എല്ലാം ഈ നിയന്ത്രണ വൃത്തത്തിന്റെ പരിധിക്കുള്ളിലായിരിക്കും.ഇതെല്ലം ദൈവികനിയോഗത്തിന്റെ അനുബന്തങ്ങളും നിയോഗിതന്റെ ന്യായമായ അവകാശങ്ങളും ആയിരിക്കും.. ഏലിയാവിനെ ഒരു മഹാനിയോഗത്തിനായി ദൈവം കാലത്തിന്റെ തിരശീലക്കു പിന്നില്‍ ഒരുക്കിനിര്‍ത്തി.വിഗ്രഹാരാധന അതിന്റെ പാരമ്യത്തില്‍ എത്തിയപ്പോള്‍ നിയോഗത്തിനുവേണ്ടി ഒരുക്കി നിര്‍ത്തിയ അഭിഷക്തനെ ദൈവം മറ നീക്കി പുറത്തുകൊണ്ടുവന്നു.ഒരുക്കി നിര്‍ത്തിയവനെ രംഗത്ത് കൊണ്ടുവരുമ്പോള്‍ അസാധാരണ പരിചയപ്പെടുത്തലുകളുടെ നിഷേധം സ്വാഭാവികമാണ്. കാലഘട്ടത്തിന്റെ ദൂദുമായി കൊട്ടാരത്തിലേക്ക് അയക്കുന്നു."തിശ്ബ്യനായ ഏലിയാവ്" എന്ന ഒറ്റ പ്രസ്താവനയില്‍ നിയോഗത്തിലെ ഉപരിതല ആന്തരികതല ആഴങ്ങള്‍ പ്രകടമാണ്.ദൂദു വിളിച്ചുപരഞ്ഞിട്ടു നിയോഗിച്ചവന്റെ ശബ്ദം"നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക".ദൈവിക നിയോഗത്തിലെ കരുതല്‍ ആരംഭിക്കുന്നു."തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു".ദൈവികനിയോഗം ലഭിച്ചവന് വേണ്ടിയുള്ള ഭൌതികതലത്തിലെ ദൈവിക കരുതല്‍!!!അസാധാരണമായ വഴികള്‍!!!!ദൈവിക നിയോഗത്തിലെ കരുതല്‍ നിര്‍വഹിക്കുവാന്‍ കാക്ക നിയോഗം ലഭിച്ചവനുവേണ്ടിയുള്ള അപ്പവുമായി ആകാശമണ്ടലത്തിലൂടെ പറന്നു വരുന്നു.കാഴ്ച്ചക്കാര്ക്കല്ഭുതം!!!!മസ്തിഷ്ക്കശാസ്ത്രത്തിനു ഒരു വെല്ലുവിളി!!!!!നിയോഗിക്കപെട്ടവനുവേണ്ടിയുള്ള ദൈവിക കരുതലിന്റെ ശ്രേഷ്ട്ടത!!!!
ഇരുത്തിയിടത്തെ കരുതല്‍ നില്ക്കുമ്പോള് നിയോഗം അവിടെ തീരുകയല്ല മറിച്ച് നിയോഗവും അതിനുള്ളിലെ കരുതലുകളും തുടര്‍ന്നുകൊണ്ടിരിക്കും. നിയോഗത്തിലെ കരുതലിന്റെ രണ്ടാം തലം സാരെഫാത്തിലേക്ക് അഭിഷക്തനെ ദൈവം മാറ്റുന്നു.അവിടെ ഒരു വിധവ നിയോഗ നിര്‍വഹണത്തിന്റെ ഭാഗം ആകുന്നു.മാനുഷിക ദൃഷ്ടിയില് എല്ലാം വിലകുറഞ്ഞ ഘടകങ്ങള്‍.എന്നാല്‍ ദൈവിക കരുതല്‍ നിയോഗാനുബന്തമായി തുടര്‍ന്നുകൊണ്ടിരിക്കും.ദൈവിക കരുതലുകള്ക്കെതിരായി വാദമുഖങ്ങള്‍ ഒരുപാടുയര്ന്നാലും ആത്യന്തികമായി അഭിഷക്തന് വേണ്ടിയുള്ള കരുതല്‍ വിധവയില്‍ നിന്നുണ്ടാകും.കാക്ക, കെരീത്ത്,വിധവ ഇവയെല്ലാം കാര്യമായ സ്വാധീനശക്തി അവകാശപ്പെടാന്‍ ഇല്ലെങ്കിലും ദൈവപ്രവര്ത്തിക്കേല്പ്പിച്ചു കൊടുത്തപ്പോള്‍ നിയോഗം ലഭിച്ചവനുവേണ്ടിയുള്ള കരുതല്‍ നിര്വ്വഹന്നത്തിന്റെ ഭാഗം ആകുന്നു.
യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ മാഹനിയോഗം നല്കി ഈരണ്ടീരണ്ടായി അയക്കുമ്പോള്‍ പറയുന്നത് ശ്രദ്ധിക്കു: അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.അവർ വഴിക്കു “വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം; രണ്ടു വസ്ത്രം ധരിക്കരുതു” എന്നിങ്ങനെ അവരോടു കല്പിച്ചു". നിയോഗനിര്വഹണത്തിന് അയക്കപെടുമ്പോള്‍ എന്തെല്ലാം കയ്യില്‍ കരുതെണമെന്നും ബാക്കി എല്ലാം അയക്കുന്നവന് കരുതുമെന്നും വെളിപ്പെടുത്തുന്നു.അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
ഉപോദ്ബലകം: തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. (2 പത്രോസ് 1 :3)